India

സിപിഎമ്മിനെതിരെ സിപിഐ ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ട്; പിണറായിക്ക് രൂക്ഷ വിമര്‍ശം

ഇടുക്കി ജില്ലയില്‍ സിപിഎമ്മുമായുള്ള ബന്ധം അങ്ങേയറ്റം വഷളാണെന്ന് സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. മന്ത്രി എംഎം മണിക്കും രൂക്ഷവിമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രിയാണ് സര്‍ക്കാര്‍ എന്ന മട്ടിലായിരുന്നു പിണറായി വിജയന്‍റെ പ്രതികരണമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടത്തുന്നു. സിപിഎമ്മുമായി ഈ നിലയിലാണ് ബന്ധമെങ്കില്‍ പാര്‍ട്ടിക്ക് ജില്ലയിലെങ്കിലും കടുത്ത തീരുമാനമെടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍നിന്ന് സിപിഐയിലേക്ക് ഒഴുകുന്നത് തടയുന്നതിനും, സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പുറത്തുവരാതിരിക്കാനുമാണ് എംഎം മണി സിപിഐയെ അധിക്ഷേപിക്കുന്നത്. ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന പ്രശ്നം വരുമ്പോള്‍ സിപിഎമ്മിന്‍റെയും എംഎം മണിയുടെയും മട്ടും ഭാവവും മാറും. ജില്ലയില്‍ കയ്യേറ്റക്കാര്‍ ഇല്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് സിപിഐയാണെന്ന എംഎം മണിയുടെ നിലപാട് ജില്ലാ നേതൃത്വത്തിനും ജോയ്സ് ജോര്‍ജിനും ഉണ്ടോയെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. നിരന്തരം യോഗങ്ങള്‍ വിളിച്ച് എംഎം മണി സിപിഐയെ അധിക്ഷേപിക്കുകയാണ്. തോമസ് ചാണ്ടിയും, പിവി അന്‍വറും, കെഎം മാണിയും ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് സിപിഎമ്മിന് മനസിലാകുന്നില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സഹായം ലഭിച്ചാണ് ഉടുമ്പന്‍ചോലയില്‍ എംഎം മണി കഷ്ടിച്ച് ആയിരത്തോളം വോട്ടുകള്‍ക്ക് വിജയിച്ചത്. സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മണിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് കോപാകുലനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. താന്‍ ആണ് സര്‍ക്കാര്‍ എന്ന മട്ടിലായിരുന്നു പിണറായി വിജയന്‍റെ പ്രതികരണമെന്നും 58 പേജുകളുള്ള റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.