India

ത്രിപുര തെരഞ്ഞെടുപ്പ്: സജീവ സാന്നിധ്യമാകാന്‍ കഴിയാതെ കോണ്‍ഗ്രസ്സ്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവ സാനിധ്യമാകാന്‍ കഴിയാതെ കോണ്‍ഗ്രസ്സ്. മുന്‍ പാര്‍ട്ടി പ്രസിഡന്‍റ് ഉള്‍പ്പെടെ ആറ് എം എല്‍ എമാരും വിവിധ നേതാക്കളും ബി ജെ പി യിലെത്തിയതാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയായത്. എന്നാല്‍ അണികളുടെ പിന്തുണ നഷ്ടമായിട്ടില്ലെന്നും നിയസഭയില്‍ നിര്‍ണ്ണായക ശക്തിയാകുമെന്നും ത്രിപുര പി സി സി ജനറല്‍ സെക്രട്ടറി ഹര്‍കൃഷ്ണ ഭൌമിക് മീഡിയാവണ്ണിനോട് പറഞ്ഞു.

ഇത് രത്തന്‍ ലാല്‍ നാഥ്, അഗര്‍ത്തലക്ക് തൊട്ടടുത്തുള്ള മോഹന്‍പൂര്‍ മണ്ഡലത്തിലെ ബി ജെപി സ്ഥാനാര്‍ത്ഥി, അഞ്ച് തവണ കോണ്‍ഗ്രസ്സ് എം എല്‍ എ, ഒരിക്കല്‍ പ്രതിപക്ഷനേതാവ്, ഇദ്ദേഹം പാര്‍ട്ടി മാറിയത് ഇക്കഴിഞ്ഞ ഡിസംബറില്‍. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ പ്രഖ്യാപനം എന്നെ സ്വാധീനിച്ചു, അഴിമതി മുതക്ത രാജ്യം, പട്ടിണി രഹിത രാജ്യം അടക്കമുള്ളഅദ്ദേഹത്തിന്‍ മുദ്രാവാക്യങ്ങള്‍ ഞാന്‍ സ്വീകരിച്ചുവെന്ന് രത്തന്‍ ലാല്‍ നാഥ് പറയുന്നു. രത്തന്‍ലാല്‍‌ പുറമെ ത്രിപുര മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്‌റ് ഹിമാനി ദബ്ബര്‍മ്മ അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെപി യില്‍ ചേര്‍ന്നിരുന്നു. നേരത്തെ കോണ്‍ഗ്രസ്സ് വിട്ട് തൃണമൂലില്‍ ചേര്‍ന്ന മുന്‍ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സുദീപ് റോയ് ബര്‍മ്മനും ആറ് എംഎല്‍ എമാരും ഇപ്പോള്‍ ബി ജെ പിയെത്തിട്ടുണ്ട്.

എല്ലാവര്‍ക്കും സീറ്റ് നല്‍കിയതോടെ ബി.ജെ.പി യുടെ 51 സ്ഥാനാര്‍ത്ഥികളില്‍ 41 ഉം മുന്‍ കോണ‍്ഗ്രസ്സ് നേതാക്കളാണ്, നേതൃ ചോര്‍ച്ച വീഴ്ചയാണെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട് ത്രിപുര പി.സി.സി നേതൃത്വം. എന്നാല്‍ പാര്‍ട്ടി അടിത്തറ ഭദ്രമാണെന്നും ബി ജെപി പണം ഒഴുക്കുകയാണെന്നും ത്രിപുര പി സി സി ജനറല്‍ സെക്രട്ടറി ഹര്‍കൃഷ്ണ ഭൌമിക് മീഡിയാവണ്ണിനോട് പറഞ്ഞു. അഗര്‍ത്തല നഗരത്തിലും സമീപത്തുമാണ് കോണ്‍ഗ്രസ്സിന് വേരോട്ടമുള്ളത്. പതിനാറിന് രാഹുല്‍ ഗാന്ധി പ്രചരണത്തിനത്തുന്നതോടെ പ്രവര്‍ത്തകരില്‍ ആവേശം വര്‍ധിക്കുമെന്നാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ.