Pravasi Switzerland

മോഹഭംഗങ്ങളുടെ നഖക്ഷതങ്ങൾ ഏറ്റുവാങ്ങിയ ബലിമൃഗങ്ങൾ -ജോൺ കുറിഞ്ഞിരപ്പള്ളി

മോഹഭംഗംങ്ങളുടെ നഖക്ഷതങ്ങൾ ഏറ്റു നിറം മങ്ങിയ ഒരു  സന്ധ്യ. റോഡരുകിലെ കുറ്റികാടുകളിൽ ഒളിച്ചിരുന്ന നിഴലുകൾ റോഡിലേക്കിറങ്ങിത്തുടങ്ങിയിരിക്കുന്നു. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ അല്പായുസ്സുക്കളായ നിശാശലഭംങ്ങൾ പറന്നുകളിക്കുന്നതു കാണാം.എന്തുകൊണ്ട് എന്നറിയില്ല ഇന്നത്തെ സന്ധ്യ നിശ്ചലമാണ്.
കൃഷ്ണൻകുട്ടി നടന്നു,കരുതലോടെ.എല്ലാം ഭദ്രം.എന്ന് ഉറപ്പു വരുത്തി.നേരിയ വിറയൽഅനുഭവപെടുന്നുണ്ടോ?ഇല്ല,തനിക്ക് ആരെയും ഭയമില്ല.കഴിഞ്ഞ ഇരുപതുവർഷവും  ഭയം എന്തെന്ന് അറിഞ്ഞിട്ടില്ല.

.
എങ്കിലും………….?.കേട്ടത് ശരിയാകണമെന്നില്ല.ചായക്കടക്കാരൻ കുഞ്ഞിരാമനാണ് പറഞ്ഞത്.കടയിൽ വരുന്നവരുടെ സംഭാഷണത്തിൽ നിന്നും മനസിലാക്കിയതാണ്.
ഞെട്ടിപോയി. പാർട്ടിക്കുവേണ്ടി ഇരുപതുവർഷം കൊല്ലും കൊലയുമായി നടന്നു.ഏഴ് കൊലക്കേസുകൾ,നാൽപ്പതിൽപരം ക്രിമിനൽ കേസുകൾ .ഒന്നിലും ശിക്ഷകിട്ടിയില്ല.സാക്ഷിപറയാൻ ആരും ധൈര്യപെട്ടില്ല.എങ്കിലും എല്ലാം മതിയാക്കണം എന്ന് തോന്നി തുടങ്ങിയിരിക്കുന്നു. റോഡിലെ നിഴലുകൾ ആൾ രൂപങ്ങളായിമാറുന്ന അത്ഭുതം കൃഷ്ണൻകുട്ടി തിരിച്ചറിഞ്ഞു. . മുൻപിലേക്ക് വന്ന രണ്ടു പേരും   ഒരുകാലത്തു തന്റെ ഗ്രൂപ്പിൽ ഉണ്ടായിരുന്നവർ.രണ്ടു പേർ  പിറകിലും  കാണാതിരിക്കില്ല.അയാൾ തിരിഞ്ഞു നോക്കി.ശരിയാണ് ഉള്ളിലേക്ക് അരിച്ചിറങ്ങുന്നു ഭയത്തിന്റെ നൂലിഴകൾ …
കൃഷ്ണൻകുട്ടി വിളിച്ചു,”ബാലാ.നീ…?”.

.
ബാലൻ ഒന്നു പരുങ്ങി,മുഖം മറച്ചിരുന്നെങ്കിലും കൃഷ്ണൻകുട്ടി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
ബാലന്റെ കൈയ്യ് പുറകിലേക്ക് നീങ്ങുന്നതു വെറുതെ അല്ല .പുറകിൽ ഒളിപ്പിച്ചിരിക്കുന്ന ആയുധം എടുക്കാൻ എന്നത് തീർച്ച.ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അമുല്യനിമിഷമാണ് ഇത് എന്ന് കൃഷ്‌ണകുട്ടിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.നിമിഷനേരംകൊണ്ട്‌ കൃഷ്ണൻകുട്ടി അരയിലെ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന ബോംബുകളിൽ ഒന്നെടുത്തു ബാലന്റെ നേരെ വലിച്ച്‌ എറിഞ്ഞു..എന്തു സംഭവിച്ചു എന്ന് നോക്കാതെ അയാൾ  ഓടി..ഇടവഴികളിലൂടെ…… പാടത്തിൻ വരമ്പുകളിലൂടെ ………

.
പുറകിൽ വേട്ട നായ്കളെപോലെ ബാലനും കൂട്ടുകാരും..അവരുടെ കയ്യിലെ കൊടുവാൾ പല തവണ ഉയർന്നു താഴ്ന്നു.ഇടതു കയ്യിലെ  വിരലുകൾ മുറിഞ്ഞുപോയിരുന്നു.തലയിൽ ഏറ്റ മുറിവിൽ നിന്നും ഒഴുകിയെത്തുന്ന രക്തം കൃഷ്ണൻകുട്ടിയുടെ  കാഴ്ച്  മറച്ചു.വയ്യ,ഇനി ഓടാൻ വയ്യ..
കൃഷ്ണൻകുട്ടി മുൻപിൽ കണ്ട ഒരു വീട്ടിലേക്ക് ഓടി കയറി.ബഹളം കേട്ട് ഓടിവന്ന സ്ത്രീയെകണ്ട് അയാൾ  ഞെട്ടിപ്പോയി..
ബാലന്റെ ഭാര്യ.

കൃഷ്ണൻകുട്ടി പെട്ടന്ന് കത്തി ഊരി അവളുടെ കഴുത്തിൽ ചേർത്തുപിടിച്ച് അലറി,”ആരെങ്കിലും അടുത്തുവന്നാൽ ………….”
ബാലൻ ഓടിയെത്തി.അവന്റെ മുഖത്തിന്റെ ഇടതു ഭാഗം തകർന്നുപോയിരുന്നു.
“കൃഷ്ണൻകുട്ടി……….. അവളെ ഒന്നും ചെയ്യരുത് ….മാപ്പ്…പറ്റിപോയി …മാപ്പ് .”
ബാലൻ കൃഷ്ണൻകുട്ടിയുടെ കാൽക്കൽ വന്നു വീണു.ശബ്ദം കേട്ട് ബാലന്റെ കുട്ടികൾ ഓടി വന്നു.”അങ്കിൾ ഞങ്ങളുടെ അമ്മെ ദയവായി ഒന്നും ചെയ്യരുത്…….”അവർ അയാളുടെ കാലിൽ വന്നു കെട്ടിപിടിച്ചു.

.
കൃഷ്ണൻകുട്ടി തളർന്നു പോയി.തന്റെ കുട്ടികളുടെ പ്രായമേയുള്ളു.
പുറത്ത് ആളുകളുടെ ആരവം കേൾക്കാം.ചിലർ അവരുടെ നേർക്ക് കല്ലുകൾ വലിച്ചെറിഞ്ഞു.അവരുടെ  കല്ലേറിൽ ജനൽചില്ലുകൾ തകർന്നുവീണു.
എന്തുചെയ്യണം എന്ന് അറിഞ്ഞുകൂട .ഒന്ന് പതറിയാൽ തന്റെ ജീവൻ നഷ്ടപെടും ,അത് തീർച്ച.
ബാലൻ കരഞ്ഞുകൊണ്ടിരുന്നു. വയ്യ.ഈ അമ്മയും കുഞ്ഞുങ്ങളും തൻ്റെ കൈകൊണ്ട് മരിച്ചുകൂടാ.കൃഷ്ണൻകുട്ടി തന്റെ കയ്യിലിരുന്ന കത്തിയിലേക്ക് സൂക്ഷിച്ചു നോക്കി,ദൂരേക്ക് വലിച്ചെറിഞ്ഞു.”പൊയ്ക്കോളൂ ……….”അമ്മയും കുട്ടികളും നടന്നു പോകുന്നത് നോക്കി കൃഷ്ണൻകുട്ടി അവിടെത്തന്നെ നിന്നു  എന്തുചെയ്യണം എന്ന് ഒരു രൂപവുംകിട്ടുന്നില്ല..
എന്തിനുവേണ്ടിയായിരുന്നു ഇതെല്ലം?

.
താനും ബാലനും തമ്മിൽ ഒരു മാറ്റവുമില്ല,രണ്ടു ചാവേറുകൾ.ആരുമരിച്ചാലുംപാർട്ടികൾക്ക്  ലാഭം.നാളെ റോഡിൽക്കുടി തങ്ങളുടെ  ശവമഞ്ചം ചുമന്നുകൊണ്ട് ഒരു പ്രകടനം.റോഡരുകിൽ ഒരു രക്തസാക്ഷി മണ്ഡപം.കുറച്ചുകാലത്തെക്ക് തങ്ങളുടെ  കുടുംബം പാർട്ടി സംരക്ഷണത്തിൽ.പിന്നെ എല്ലാം മറവിയിലേക്ക്.മരണത്തെ മുൻപിൽ കാണുന്ന ഈ നിമിഷം ജീവിക്കാനുള്ള ആഗ്രഹം മുളപൊട്ടുന്നു….. അതിരുകളില്ലാത്ത  ആഗ്രഹം വളർന്നു വലുതാകുന്നു.തറയിൽ തളർന്നുകിടക്കുന്ന ബാലന്റെ നേരെ അയാൾ കൈനീട്ടി പിടിച്ചെഴുന്നേല്പിച്ചു അപ്പോൾ .ജനക്കൂട്ടത്തിൽനിന്ന് ആരോ വിളിച്ചുകൂവി,”രക്തസാക്ഷികൾ സിന്ദാബാദ്”ആ മുദ്രാവാക്യം വിളിയിലെ അപകടം കൃഷ്ണൻകുട്ടിയും ബാലനും തിരിച്ചറിഞ്ഞു.ബാലൻ വിളിച്ചുപറഞ്ഞു,”കൃഷ്ണൻകുട്ടി ഓടിക്കോ………” പക്ഷേ അവർ താമസിച്ചുപോയി.അവരുടെ വിധി എഴുതപ്പെട്ടുകഴിഞ്ഞിരുന്നു.

.
അവരുടെനേർക്കു ആൾക്കൂട്ടത്തിൽനിന്നും  എറിഞ്ഞ   ഒരു കല്ല്. കൃഷ്ണൻകുട്ടി തന്റെ  അരയിൽ  കെട്ടിവച്ചിരുന്ന സഞ്ചിയിലെ ബോമ്പിൽ  പതിച്ചു.
ഒരു സ്പോടാനത്തോടെ വീടിന്റെ മേൽക്കുര തെറിച്ചുപോയി.
ചിതറി തെറിച്ചുപോയ വീടിന്റെ ആവശിഷ്ടങ്ങൾക്കിടയിൽ  തിരിച്ചറിയാനാവാത്തവിധം ചിന്നിച്ചിതറിയ അവരുടെ ശരീരാവശിഷ്ടങ്ങൾ എങ്ങിനെ കണ്ടുപിടിക്കാനാണ്?
ഇന്ന്…….
ബാലനും കൃഷ്ണന്കുട്ടിയും  രണ്ടുപാർട്ടികളുടെ രക്തസാക്ഷികളായി കല്ലിൽ പണിത മണ്ഡപങ്ങളായി  ജീവിക്കുന്നു