Cinema Pravasi

അമ്മയും, ജനപ്രിയനും, ആക്രമിക്കപ്പെട്ടവളും -C.Abraham

‘അമ്മ` പേര്  അന്വർത്ഥമാകണമെന്ന ഉദ്ധേശശുദ്ധിയോടെ തുടങ്ങിയ സിനിമാ മേഖലയിലെ തൊഴിലാളികളുടെ ഒരു കൂട്ടായ്മ. എല്ലാ അംഗങ്ങൾക്കും സ്വന്ത്രമായി പ്രവർത്തിക്കാനുള്ള അവസരവും  ആവശ്യങ്ങളിൽ സഹായവും കൈത്താങ്ങുമാവുകയെന്നതുമൊക്കെയായിരുന്നു ലക്ഷ്യങ്ങൾ. 
ജനപ്രിയൻ 
എങ്ങിനെയാണ് ഒരുവൻ ജനപ്രിയനാവുന്നത് ? ബഹുഭൂരിപക്ഷത്തിനും ഇഷ്ടമുള്ളതു ചെയ്യുമ്പോൾ. പരാമർശിക്കപ്പെടുന്ന ജനപ്രിയൻ നമ്മുടെ നാടിൻറെ സംസ്‌കാരത്തിന്റെ പുരുഷമേൽക്കോയ്മയുടെ, കാഴ്ചപ്പാടിന്റെ ഒക്കെ  പ്രതീകമാണ്.
സ്ത്രീയെ രണ്ടാം തരമായി കാണുന്നവർ. കായികബലം കൊണ്ട് കീഴ്പ്പെടുത്താമെന്നതുകൊണ്ട് അവരുടെ  
ഇഷ്ടാനിഷ്ഷ്ടങ്ങൾ നോക്കാതെ തങ്ങളുടെ ഇ൦ഗിതത്തിനു വഴങ്ങാത്തവരെ കുറുക്കുവഴികളിലൂടെയോ കായികമായോ കീഴ്പ്പെടുത്തി ലക്ഷ്യം നേടുന്നവർ. കഴിഞ്ഞുപോയ ഒരു മാടമ്പി സംസ്കാരത്തിന്റെ പ്രതിനിധികൾ. ഇവർ സ്ത്രീകളെ വീട്ടിലും സമൂഹത്തിലും സമരായി കാണുവാൻ മാത്രം സാംസ്കാരികമായും മാനസികമായും വളർച്ച പ്രാപിക്കാത്തവരാണ്. 
പരാമർശിക്കുന്ന മാടമ്പി സംസ്കാരത്തിന്റെ ഹാങ്ങോവറിൽ നിന്നും പല സ്ത്രീകളും ഇന്നും മോചിതരല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവർക്ക് പുരുഷന്റെ തണലിൽ, സംരക്ഷണയിൽ  അവരുടെ അല്പസ്വല്പം വികൃതികളൊക്കെ അനുവദിച്ചുകൊടുത്ത് ആസ്വദിച്ച് അടങ്ങി ജീവിക്കുന്നതിലാണ് ഇന്നും താല്പര്യം.
അതുകൊണ്ടു തന്നെ ഇക്കൂട്ടർ തങ്ങളുടെ ഒരു സഹോദരി അപമാനിക്കപ്പെട്ടാൽ ഒരിക്കലും സ്‌ത്രീപക്ഷത്തുണ്ടാവില്ല.
മാത്രമല്ല സംഭവത്തെ നിസ്സാരവത്കരിക്കയും ചെയ്യും 
നീതിബോധമില്ലായ്മയും പകപോക്കലും, അസൂയയും സ്വാർത്ഥതയും ഒക്കെത്തന്നെ കാരണങ്ങൾ.
ഈ കഥയിലെ ആക്രമിക്കപ്പെട്ടവൾ പ്രതിനിധീകരിക്കുന്നത് ആധുനിക സ്ത്രീത്വത്തെയാണ്. അനുവാദത്തോടെയല്ലാതെ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടപ്പോൾ  അതിനെ ക്രിമിനൽ അതിക്രമമായി കണ്ട് അവൾ നിയമ പരിരക്ഷ തേടുന്നു. 
അനുവാദമില്ലാതെ തന്റെ ശരീരം മലിനമാക്കപ്പെട്ടപ്പോൾ നന്നായിട്ടൊന്നു കുളിച്ചാൽ പോവുന്ന അഴുക്കേ ശരീരത്തിൽ പറ്റിയിട്ടുള്ളെന്ന് അവൾ സമൂഹത്തോടു വിളിച്ചു പറയുന്നു.പക്ഷെ അത് തന്റെ സഹപ്രവർത്തകരുടെ പിന്തുണയോടെയായിരുന്നെന്നുള്ള അറിവ് അവളെ മാനസികമായും വൈകാരികമായും തളർത്തിയിട്ടുണ്ട്.
താനും കുടി അംഗമായിരുന്ന സംഘടനയിലെ മാടമ്പിമാരും അവരുടെ സുഖിപ്പിക്കൽ ആഗ്രഹിക്കുന്ന കുറച്ചു സ്ത്രീകളും അവളോടൊപ്പമെന്നു വിളംബരംചെയ്തുകൊണ്ട് അവനെ സംരക്ഷിക്കുന്ന അവസ്ഥ, ഹീനമായ കപട സദാചാര മുഖം.
ഈ കേസിൽ പ്രതിസ്ഥാനത്തുള്ളവനെ തള്ളിപറഞ്ഞുകൊണ്ട് സംഘടനയിൽ നിന്നും പുറത്താക്കിയപ്പോഴുള്ള തൽസ്ഥിതി നിലനിൽക്കെ `അവന്റെ`കൂറ്റത്തെ  ലഘൂകരിച്ചു കണ്ട്  സംഘടനയിലേയ്ക്കു സ്വാഗതം ചെയ്യുന്ന അവസ്ഥ 
അമ്മയുടെ ഭാരവാഹികൾ മുതൽ നിസ്സംഗത അഭിനയിച്ചവരും മൗനം ഭൂഷണമാക്കിയവരും എല്ലാം പഴയ മാടമ്പി സംസ്കാരത്തെ പിന്തുണയ്ക്കുന്നവരും മുറുകെപ്പിടിക്കാനാഗ്രഹിക്കുന്നവരുമാണ്.
അവനെ തിരിച്ചെടുക്കുന്നെങ്കിലും ഞങ്ങൾ അവളോടൊപ്പമെന്നു പറയുന്നത് ഒരുമാതിരി….
ഇനി 400 ലധികം വരുന്ന ‘അമ്മ അംഗങ്ങൾക്കല്ലാതെ പൊതുജനത്തിനും  സാംസ്കാരികപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമൊക്കെ ഇതിലെന്തു കാര്യം എന്ന ചോദ്യത്തിനുള്ള മറുപടി- 
അവൾ അമ്മ യിലെ അംഗമായതുകൊണ്ട് നിങ്ങളുടെ സ്വകാര്യ സ്വത്താവുന്നില്ല.സ്ത്രീത്വത്തോടു കാട്ടിയ ക്രൂര പീOനം കോടതിയിൽ വിചാരണ ചെയ്യാനിരിക്കെ നിരപരാധിത്വം തെളിയിക്കപെടും വരെ ആരോപണവിധേയൻ സംശയത്തിന്റെ നിഴലിലാണ്. തിരിച്ചെടുക്കൽ അവനെ കുറ്റ വിമുക്തനാക്കുന്നതിനു തുല്യം. അത് നീതിവ്യവസ്ഥയെയും സമൂഹത്തെയും അവഹേളിക്കലാണ് 
മഹാ നടന്മാരും നടിമാരുമൊക്കെ പുതുതലമുറയെയും മാറ്റങ്ങളെയും ഉൾക്കൊള്ളാതെ പോയാൽ നിലനിൽപുണ്ടാവില്ല. ഡയലോഗും മീശപിരിക്കലും സ്റ്റൻഡുമാണ് അഭിനയമെന്ന് ജനം വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു.അതിനു തെളിവാണ് വിനായകനും ഫഹദ് ഫാസിലിനുമൊക്കെ കിട്ടുന്ന അംഗീകാരങ്ങൾ. 
കഴിവുള്ളവരുടെ അവസരങ്ങൾക്ക് ‘അമ്മ` വിലങ്ങുതടിയാവുന്നെങ്കിൽ ഒരു പക്ഷെ ഭൂരിപക്ഷത്തിന് അവസരം സാധ്യമാക്കാൻ മററൊരു സംഘടനകൂടി ഉണ്ടാവുന്നതാവും അഭികാമ്യം.
C.Abraham