India

നിപ്പ ഗ്രസിച്ച ഐസൊലേഷന്‍ വാര്‍ഡിലേക്ക് മന്ത്രിയെത്തി

കോഴിക്കോട്: നിപ്പാ വൈറസ് ഭീതി കോഴിക്കോടിനെ വിട്ടൊഴിഞ്ഞ് കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത കൊലയാളി വൈറസിനെ കോഴിക്കോട് പൊരുതിത്തോല്‍പ്പിച്ചു എന്ന് തന്നെ പറയാം. ആരോഗ്യ പ്രവര്‍ത്തകരുടേയും അവരെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും പ്രവര്‍ത്തനം നന്ദി പറച്ചിലിനുമപ്പുറത്താണ്.

കെകെ ശൈലജയുടെ രാഷ്ട്രീയ ശത്രുക്കള്‍ പോലും നിപ്പാ പ്രതിരോധത്തിന്റെ പേരില്‍ മന്ത്രിയെ അഭിനന്ദിക്കുകയാണ്. അയേണ്‍ ലേഡിയെന്ന് വിളിപ്പേരും വീണിരിക്കുന്നു. നിപ്പാ പോയ ശേഷവും ആളുകളില്‍ തുടരുന്ന ഭീതി അകറ്റാന്‍ മന്ത്രി തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നു. നിപ്പാ ബാധിച്ച ശേഷവും ജീവിതത്തിലേക്ക് തിരികെ വന്നവരെ മന്ത്രി സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ ശൈലജ ടീച്ചറുടെ സുരക്ഷാ ചുമതലയുള്ള ഷൈജു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കേണ്ടതാണ്:

പറയാതെ വയ്യ
പറയാതെ വയ്യ.. ഇതുപോലൊരു സാഹചര്യം ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല. നിപ രോഗത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അജന്യയെയും ഉബീഷിനെയും മെഡിക്കല്‍ കോളേജില്‍ ചെന്ന് കാണുമെന്നൊരു സൂചന ലഭിച്ചിരുന്നെങ്കിലും പോകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.കോഴിക്കോട് കലക്‌ട്രേറ്റില്‍ രാവിലെ വിളിച്ച്‌ ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം പത്രപ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി ബഹുമാനപ്പെട്ട മന്ത്രി ഒരു അറിയിപ്പ് നല്‍കി.

ഐസൊലേഷന്‍ വാര്‍ഡിലേക്ക്

വൈകീട്ട് നാല് മണിക്ക് ഐസൊലേഷന്‍ വാഡിലേക്ക് പോവുകയാണ്. രോഗമുക്തി നേടിയിട്ടും സമൂഹം ഭയത്തോടെയും അവജ്ഞയോടെയും നോക്കിക്കാണുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ പ്രയാസപ്പെടുന്ന അജന്യയെയും ഉബീഷിനേയും നേരില്‍ കാണുകയാണ്. ഒരു ജനതയുടെ ആകെ ആശങ്കയെ മാറ്റാന്‍ ഇത്ര ഭയരഹിതമായും ആര്‍ജ്ജവത്തോടെയും ഉറച്ചവാക്കുകളില്‍ മന്ത്രി പ്രഖ്യാപനം നടത്തിയപ്പോള്‍ സുരക്ഷാ ചുമതല നിര്‍വ്വഹിക്കേണ്ടൊരാള്‍ എന്ന നിലയില്‍ വലിയൊരാശങ്കയുണ്ടായത് എനിക്കാണ്.

പ്രോട്ടോക്കോള്‍ പാലിച്ച്‌ മാത്രം

നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആ തീരുമാനത്തെ മാറ്റിക്കാനാവില്ലെന്ന് ഉറപ്പായതിനാല്‍ ആദ്യം മണിപ്പാല്‍ ആശുപത്രിയില്‍ നിന്നും വന്ന വൈറോളജി വിദഗ്ദനായ ഡോക്ടര്‍ അരുണ്‍ കുമാറിനോട് സാഹചര്യത്തിന്‍്റെ ഗൗരവം ചോദിച്ച്‌ മനസിലാക്കി. കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ച്‌ കൊണ്ട് മാത്രമേ പോകാവൂ എന്നും മന്ത്രി എവിടെ പോകുന്നുണ്ടെങ്കിലും കൂടെ ഞാനുമുണ്ടാകുമെന്നും എനിക്ക് കൂടി സംവിധാനങ്ങള്‍ ഒരുക്കിത്തരണമെന്നും ഞാന്‍ അദ്ധ്യേഹത്തോട് അഭ്യര്‍ത്ഥിച്ചു.

ആളൊഴിഞ്ഞ പൂരപ്പറമ്ബ്

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിശ്ചിതമായ അകലം പാലിച്ച്‌ കൊണ്ട് സംസാരിക്കുകമാത്രമേ ചെയ്യുകയുള്ളുവെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാമെന്നും അദ്ധ്യേഹം സമ്മതിച്ചു. സമയം 3.45 ആയപ്പോഴേക്കും ഞങ്ങള്‍ ഗസ്റ്റ്ഹൗസില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടു. റോഡും നഗരവും പൊതുവെ തിരക്ക് കുറവുള്ളതായി തോന്നി. മെഡിക്കല്‍ കോളേജിനടുത്തെത്തിയപ്പോള്‍ ദിവസം ഇത്ര കഴിഞ്ഞിട്ടും ആളൊഴിഞ്ഞ പൂരപ്പറമ്ബ് പോലെയാണ് തോന്നിയത്. ഏറെയും കടകള്‍ അടഞ്ഞ് കിടക്കുന്നു.

അജന്യയും,ഉബീഷും

ഞങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്‍്റെ മുറിയിലേക്ക് ചെന്നു.അവിടെ വച്ച്‌ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു.ബഹുമാനപ്പെട്ട മന്ത്രിയോടൊപ്പം എം.എല്‍.എ,കലക്ടര്‍,ഡിഎച് എസ്,അരുണ്‍ ഡോക്ടര്‍ എന്നിവര്‍ മാത്രം ഐസോലേഷന്‍ വാഡിലേക്ക് കയറ്റിയാല്‍ മതി. മാധ്യമങ്ങള്‍ പുറത്ത് നില്‍ക്കട്ടേ. അഞ്ച് മിനുട്ടിനകം ഡാനിഷ് ഡോക്ടറുടെ വിളിവന്നു. അജന്യയും,ഉബീഷും റെഡിയാണ്. ഞങ്ങളെല്ലാവരും അങ്ങോട്ടേക്ക് നടന്നു.

ബഹിരാകാശ സഞ്ചാരികളെപ്പോലെ

പനി ക്ലിനിക്കിന്‍്റെ പരിസരത്തുള്ളവരെല്ലാം സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിട്ടുണ്ട്. ഐസൊലേഷന്‍ വാഡിനകത്ത് കണ്ടാല്‍ ആരെയും പ്രത്യേകം മനസിലാകുന്നില്ല. എല്ലാവരും ബഹിരാകാശ സഞ്ചാരികളെപ്പോലെ എന്‍90 മാസ്കും, ബോഡി ബാഗുമെല്ലാം ധരിച്ചവരാണ്. കണ്ണ് മാത്രം കാണാം. പരസ്പരം തിരിച്ചറിയാന്‍ പ്ലാസ്റ്റിക്ക് കോട്ടിന് പുറത്ത് അറ്റന്‍്റര്‍,ഡോക്ടര്‍ എന്നെല്ലാമെഴുതിയ എഴുത്ത് മാത്രം. ഡിപിഎം ഡോക്ടര്‍ ബിജോയ് ഞങ്ങള്‍ക്കെല്ലാം ഹാന്‍്റ് റബ് തന്നു. ആരും ഭയപ്പെടേണ്ടതില്ലെന്നും നമ്മളാരും മാസ്കോ കോട്ടോ ധരിക്കേണ്ടതില്ലെന്നും.

കേരളം നല്‍കുന്ന സംഭാവന

നമ്മളില്‍ നിന്ന് അവര്‍ക്ക് ഇന്‍ഫെക്ഷനുണ്ടാവരുതെന്ന് കരുതിയാണ് ഹാന്‍്റ്റബ്ബ് ലോഷന്‍ തന്നതെന്നും പറഞ്ഞു. ഇത്തിരി മുന്നോട്ട് ചെന്നപ്പോള്‍ തന്നെ വളരെ പ്രസന്ന വദനയായി അജന്യയും, ഉബീഷും മന്ത്രിയെ കാത്തിരിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട രണ്ടുപേരും പൂര്‍ണ്ണ ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ ഏറെ നന്ദിയോടെ മന്ത്രിയുടെ മുന്നില്‍ നിന്നു. ലോകാരോഗ്യ രംഗത്ത് കേരളം നല്‍കുന്ന സംഭാവന.. നിപ്പാ രോഗത്തെ അതിജീവിച്ച പുതു ചരിത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും കേരളാ ആരോഗ്യ വകുപ്പിനും ഇനി തലയെടുപ്പോടെ തന്നെ വിളിച്ച്‌ പറയാം..

ഒരമ്മയുടെ കരുതലും സ്നേഹവും

അല്‍പ്പ നേരത്തെ കുശല വര്‍ത്താമാനത്തില്‍ ഒരു മന്ത്രിയുടെ കാര്യക്ഷമതയും,ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കടമയും, ഒരമ്മയുടെ കരുതലും സ്നേഹവുമെല്ലാം അവിടെ കാണാനിടയായി. അത് എല്ലാവരിലും നല്ല ആത്മ വിശ്വാസം പകര്‍ന്നു.ഇനി ഞാനെപ്പഴാണ് ഡ്യൂട്ടിക്ക് പോകേണ്ടതെന്ന അജന്യയുടെ ചോദ്യം എല്ലാവരിലും ചിരി പടര്‍ത്തി. പോകാന്‍ നേരത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ടീച്ചര്‍ അവളുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. അരുണ്‍ ഡോക്ടര്‍ എന്നെയൊന്ന് നോക്കി. ഗൗരവം വെടിഞ്ഞ് ഞാന്‍ ചിരിച്ചു..

അവരെ സല്യൂട്ട് ചെയ്യണം

പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിപ്പുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടത് അവര്‍ക്ക് നല്‍കി തിരികെ ഗസ്റ്റ് ഹൗസിവേക്ക് പുറപ്പെട്ടു. ഞാന്‍ വഴി നീളെ ചിന്തിക്കുകയായിരുന്നു. എത്ര വലിയൊരു വിപത്തിനെയാണ് ഇവിടെ പിടിച്ച്‌ കെട്ടിയത്.. നിപ്പയെ പിടിച്ച്‌ കെട്ടിയ ബഹുമാനപ്പെട്ട മന്ത്രിമുതല്‍ മൃതദേഹം മറവ് ചെയ്ത തൊഴിലാളി വരെ ആരോഗ്യ വകുപ്പിലെ മുഴുവന്‍ ടീമിനോടും കേരള ജനത മുഴുവന്‍ നിവര്‍ന്ന് നിന്നൊന്ന് സല്യൂട്ട് ചെയ്യേണ്ടതുണ്ട്. അവര്‍ നടത്തുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേരേണ്ടതുണ്ട്.

അയണ്‍ ലേഡി

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാറും നേരത്തെ മന്ത്രിയെ അഭിനന്ദിച്ച്‌ രംഗത്ത് വന്നിരുന്നു. കുറിപ്പ് ഇതാണ്: ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഒരു രാഷ്ട്രീയക്കാരിയും, ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം… The iron lady… വിഷയങ്ങള്‍ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി.

അസാമാന്യ പക്വത

ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു… ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. നിപ്പാ രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു… ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു