India

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘം കോഴിക്കോട് പിടിയില്‍

കോഴിക്കോട്: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയില്‍. കോഴിക്കോട് നാദാപുരത്ത് വെച്ചാണ് രണ്ട് പേര്‍ പോലീസ് പിടിയിലായത്. നാദാപുരം കായാപ്പ സ്വദേശി മണികണ്ഠന്‍, തൃശ്ശൂര്‍ സ്വദേശി വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അടുത്ത കാലത്തായി ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കഞ്ചാവ് കടത്തുന്നത്. ഇതിനാല്‍ അധികപേരെയും പിടികൂടാന്‍ കഴിയാറില്ല. വടകര റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്തുന്ന സംഘത്തെ പിടികൂടിയത്. മണികണ്ഠന്‍, വിഷ്ണു എന്നിവരില്‍ നിന്നായി 3കിലോ കഞ്ചാവ് പിടികൂടി.
ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും, നാദാപുരം പോലീസും ട്രെയിനില്‍ വെച്ചാണ് കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവ് കടത്ത് വ്യാപകമായ സാഹചര്യത്തില്‍ പോലീസും എക്‌സൈസും പരിശോധനകള്‍ കുടുതല്‍ സജീവമാക്കിയിട്ടുണ്ട്.