India

ആനത്താരകളില്‍ നിര്‍മ്മിച്ച അനധികൃത റിസോര്‍ട്ടുകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യുഡല്‍ഹി: പശ്ചിമഘട്ടത്തില്‍ അനധികൃതമായി കൈയേറി നിര്‍മ്മിച്ച 27 റിസോര്‍ട്ടുകള്‍ പൂട്ടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. തമിഴ്‌നാട്ടില്‍ ആനത്താരകള്‍ കൈയേറി നിര്‍മ്മിച്ച അനധികൃത റിസോര്‍ട്ടുകള്‍ക്കാണ് പിടിവീണത്. പശ്ചിമഘട്ട മലനിരകള്‍ കൈയേറി റിസോര്‍ട്ടുകള്‍ പണിയുമ്ബോള്‍ പരിസ്ഥിതിക്ക് കോട്ടം വരുന്നത് പോലും ഓര്‍ക്കാതെയാണ് ഭരണകൂടം അനുമതി നല്‍കുന്നത്.

ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തി ഇടുക്കിയിലും വയനാട് നീലഗിരി കുന്നുകളിലും റിസോര്‍ട്ടുകളും വന്‍ നിര്‍മ്മിതികളും ഉയര്‍ന്നപ്പോള്‍ ഒഴുകി പോകാനാകാതെ കെട്ടിക്കിടന്ന ജലം പലയിടത്തും അപകടം സൃഷ്ടിച്ചത്. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് പശ്ചിമഘട്ടമലനിരകള്‍ സ്ഥിതിചെയ്യുന്ന കേരളം തമിഴ്‌നാട് അതിര്‍ത്തികളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നത്. ഇവ ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ആനത്താരകള്‍ കൈയേറി നിര്‍മ്മിച്ച തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളിലെ 27 റിസോര്‍ട്ടുകള്‍ പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാനും പരാജയപ്പെട്ടാല്‍ ഉടന്‍ അടച്ചു പൂട്ടാനും മറ്റൊരു 12 റിസോര്‍ട്ടുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് മദന്‍.ബി.ലോക്കൂര്‍, എസ്.അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെടുന്ന ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ദേശീയ പൈതൃക സമ്ബത്താണ് ആനകളെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു അവയുടെ സ്വൈര വിഹാരത്തിന് തടസമുണ്ടാക്കുന്ന നിര്‍മ്മിതികള്‍ അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടത്. നീലഗിരി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള 39 റിസോര്‍ട്ടുകളാണുണ്ടായിരുന്നത്. കളക്ടറോട് ഈ റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കൂടാതെ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ആനകളുടെ സുരക്ഷിതമായ പാതയ്ക്ക് വിഘാതമായി നില്‍ക്കുന്നതടക്കമുള്ള പാരിസ്ഥിതിക കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി 22 സംസ്ഥാനങ്ങളിലായി ഏതാണ്ട് 27 ക്രിട്ടിക്കല്‍ മേഖല കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അധികം സംസ്ഥാന സര്‍ക്കാരുകളും ഇതിനോട് പ്രതികരിച്ചിട്ടില്ല.