India

ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി അനിശ്ചിതമായി നീട്ടി

മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അന്തിമ വിധി പുറപ്പെടുവിക്കും വരെയാണ് കാലാവധി നീട്ടിയത്. ‌ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെയാണു നേരത്തേ അനുവദിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്തിമവിധി വരുംവരെ ആധാർ ബന്ധിപ്പിക്കാൻ നിർബന്ധിക്കേണ്ടെന്നാണു സുപ്രീംകോടതി നിർദേശം.

പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ നമ്പർ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതു ചോദ്യംചെയ്‌തുള്ള ഹർജികളിന്മേലാണു സുപ്രീംകോടതി വിധി. ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്ക് ആധാർ നമ്പർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജികൾ. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസിൽ വിധി പറയുക. അതേസമയം സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കുന്നതു തുടരും.