Auto World

ഒമാനിലേക്കുള്ള ഇലക്ട്രിക് കാറുകളുടെ റാലി തുടങ്ങി

യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള ഇലക്ട്രിക് കാറുകളുടെ റാലി ആരംഭിച്ചു. ​ഗ്ലോബൽ ഇലക്ട്രിക്​ വെഹിക്കിൾ റോഡ്​ ട്രിപ്​ മിഡിലീസ്റ്റ്​ പതിപ്പിന്റെ ഭാഗമായാണ്​ ഈ പുതുമയുള്ള റാലി. കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി 18 വൈദ്യുതി ചാർജിങ്​ സ്റ്റേഷനുകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

അബൂദബി സുസ്ഥിരത വാരാചരണ പ്രദർശനം നടക്കുന്ന അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽനിന്ന്​ ആരംഭിച്ച യാത്രയിൽ വാഹനങ്ങൾ ഒമ്പത്​ ദിവസം കൊണ്ട്​ 1217 കിലോമീറ്റർ സഞ്ചരിക്കും. റാലി ഉദ്​ഘാടനത്തിൽ ഊര്‍ജ വ്യവസായ മന്ത്രി സുഹൈൽ അൽ മൻസൂറി സന്നിഹിതനായിരുന്നു. യുഎഇയിലും ഒമാനിലുമായി 18 വൈദ്യുതി ചാർജിങ്​ സ്റ്റേഷനുകളാണ്​ ഇതിനായി തയാറാക്കിയിരിക്കുന്നത്​. റാലിക്ക്​ ശേഷവും ഈ സ്റ്റേഷനുകൾ പ്രവർത്തിക്കും. ഒമാനിൽ വ്യാഴാഴ്ചയാണ്​ ചാർജിങ്​ സ്റ്റേഷനുകൾ തുറന്നത്​. മസ്കത്തിലെയും സൊഹാറിലെയും ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, മസ്കത്തിലെ ക്രൗൺ പ്ലാസ എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ.

അബൂദബിയിൽനിന്ന്​ ആരംഭിച്ച റാലി അൽ​ഐനിലൂടെ സഞ്ചരിച്ച്​ ഒമാനിലെ സൊഹാറിലെത്തും. പിന്നീട്​ മസ്കത്തിലെത്തി ദുബൈയിലേക്ക്​ മടങ്ങും. തിരിച്ചുള്ള യാത്രയിൽ ഫുജൈറ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലൂടെയും റാലി കടന്നുപോകും. ജനുവരി 22ന്​ മസ്കത്തിൽനിന്ന്​ ദുബൈയിലേക്ക്​ യാത്ര ആരംഭിക്കും. 26ന്​ ദുബൈയിൽ സമാപിക്കും.