Sports

നരെയ്‌നെന്ത് ആദ്യ ഓവര്‍… ആദ്യ പന്ത്…

സ്പിന്നര്‍മാരോട് യാതൊരു ബഹുമാനവുമില്ലാത്ത ബാറ്റ്‌സ്മാനാണ് താനെന്ന് ആവര്‍ത്തിക്കുന്ന പ്രകടനമാണ് നരെയ്‌ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടത്തിയത്. ആദ്യ ഓവറിലെ ആദ്യപന്ത് എങ്ങനെ പ്രതിരോധിക്കണമെന്നല്ല ഏത് ഭാഗത്തുകൂടെ സിക്‌സറിന് പറത്തണമെന്നായിരുന്നു നരെയ്ന്‍ ചിന്തിച്ചത്. ഓഫ്സ്പിന്നര്‍ കൃഷ്ണപ്പ ഗൗതമിന്റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സറടിച്ചായിരുന്നു നരെയ്ന്‍ തുടങ്ങിയത്.

രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗ്ഗിലൂടെ നീട്ടിയടിച്ചെങ്കിലും ഏതാനും അടികളുടെ മാത്രം വ്യത്യാസത്തില്‍ ഫോറായി മാറി. മൂന്നാംപന്ത് ലോങ് ഓണിന് മുകളിലൂടെ സിക്‌സറിന് പറത്തി അവസാനിച്ചില്ലെന്ന് നരെയ്ന്‍ പ്രഖ്യാപിച്ചു. നാലാം പന്തും ബൗണ്ടറി നേടിയതോടെ ആദ്യ നാലുപന്തില്‍ മാത്രം പിറന്നത് 20 റണ്‍സ്. അഞ്ചാംപന്ത് സിംഗിളെടുത്ത് നരെയ്ന്‍ സ്‌ട്രൈക്ക് മാറി. ആദ്യ ഓവറിലെ അഞ്ച് പന്തില്‍ നരെയ്ന്‍റെ ബാറ്റ് നേടിയത് 21 റണ്‍സ്.

തൊട്ടടുത്ത ഓവറില്‍ ബെന്‍ സ്‌റ്റോക് എത്തിയപ്പോള്‍ കളി മാറി. സ്‌റ്റോക്കിന്റെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ നരെയ്‌ന് താളം തെറ്റി. രണ്ടാമത്തെ ഷോര്‍ട്ട് പിച്ച് പന്തില്‍ നരെയ്‌ന്റെ പുള്‍ ചെയ്യാനുള്ള ശ്രമം പാളിയതോടെ ക്യാച്ചില്‍ ആ ഇന്നിംങ്‌സ് അവസാനിച്ചു. ആദ്യ ഓവറില്‍ അടിച്ചു പറത്തിയ ഗൗതമായിരുന്നു നരെയ്‌ന്റെ ക്യാച്ചെടുത്തത്. വെറും ഏഴ് പന്തുകളില്‍ നിന്ന് 21 റണ്ണെടുത്തായിരുന്നു നരെയ്ന്‍ മടങ്ങിയത്. ഇനി ഈ സീസണിലെങ്കിലും നരെയ്ന്‍ ഓപണറായിറങ്ങുമ്പോള്‍ സ്പിന്നറെ ആദ്യ ഓവര്‍ പന്തേല്‍പ്പിക്കാന്‍ എതിര്‍ക്യാപ്റ്റന്‍മാര്‍ മടിക്കും.

നേരത്തെ നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെ പ്രകടനത്തിന്റെ മികവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ 142റണ്‍സില്‍ ഒതുക്കിയിരുന്നു. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ക്രിസ് ലിനിന്റേയും ദിനേശ് കാര്‍ത്തികിന്റേയും മികവില്‍ 18 ഓവറില്‍ ലക്ഷ്യത്തിലെത്തി. ആറ് വിക്കറ്റ് ജയത്തോടെ പതിനാല് പോയിന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യതയും സജീവമാക്കി.