India

അച്ഛന്‍ ജോസഫിന്‍റെ കൈപിടിച്ച്‌ നീനു തന്‍റെ കോളേജിലേക്ക്

ജാത്യഭിമാനത്തിന്‍റെ പേരില്‍ കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 17 ദിവസമായി.തന്‍റെ പ്രീയപ്പെട്ടവന്‍ പോയതിന് പിന്നാലെ മാതപിതാക്കള്‍ മാനസിക രോഗിയാക്കി മുദ്രകുത്താന്‍ ശ്രമിച്ചപ്പോള്‍ നീനു ചാക്കോ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇനി കെവിന്‍ സ്വപ്നം കണ്ട ജീവിതം താന്‍ ജീവിച്ച് തീര്‍ക്കും.

മാനസിക രോഗിയാക്കി തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടി ആ 19 കാരി നല്‍കി. ജീവിതത്തില്‍ കെവിനെക്കാള്‍ വലിയൊരു നഷ്ടം തനിക്ക് ഇനിയില്ല. അതുകൊണ്ട് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി അന്തസായി കെവിന്‍റെ ഭാര്യയായി ജീവിക്കുമെന്ന്.

വെറും വാക്കല്ല
കെവിന്‍ സ്വപ്നം കണ്ടതൊക്കെയും നേടുമെന്നും പിന്നില്‍ കെവിന്‍റെ കുടുംബം ഉണ്ടാകുമെന്നും അവള്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ ശപദങ്ങളൊന്നും വെറും വാക്കുകളല്ലെന്ന് നീനു തെളിയിച്ചു. കെവിന്‍ മരിച്ചതിന്‍റെ 17ാം ദിവസം അവള്‍ പഠനം തുടരുന്നതിനായി മാന്നാനത്തെ കോളേജിലേക്ക് പോയി. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കെവിന്‍റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം രൂപയും നീനുവിന്‍റെ തുടര്‍ പഠനത്തിന് സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ച ദിവസം തന്നെയാണ് നീനു കോളേജിലേക്ക് പോയതെന്നതും ശ്രദ്ധേയമാണ്.

താങ്ങും തണലുമായി ജോസഫ്
കെവിന്‍റെ അച്ഛന്‍ ജോസഫിനൊപ്പമായിരുന്നു നീനു കോളേജിലേക്ക് തിരിച്ചത്. രാവിലെ എഴുന്നേറ്റ് കെവിന്‍റെ ചേച്ചി കൊടുത്ത ഡ്രസ് ഉടുത്ത് അമ്മ കെട്ടിത്തന്ന പൊതിച്ചോറുമായി ജോസഫിന്‍റെ ബൈക്കിന് പുറകില്‍ കയറി അവള്‍ മാന്നാനത്തെ കോളേജിലേക്ക് പോയി. കെവിന്‍റെ മരണത്തിന് ശേഷം ആദ്യമായാണ് അവള്‍ പുറം ലോകം കാണുന്നത്.

ആദ്യം സ്റ്റേഷനിലേക്ക്
ആദ്യം ഗാന്ധിനഗര്‍ സ്റ്റേഷനിലേക്കായിരുന്നു നീനുവും ജോസഫും പോയത്. തന്‍റെ കെവിനുവേണ്ടി നീനു കെഞ്ചി കരഞ്ഞ അതേ ഗാന്ധിനഗര്‍ സ്റ്റേഷന്‍. കോട്ടയം എസ്പിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇരുവരും ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് പോയത്. കോളേജില്‍ പോകുന്നതിന് എന്തെങ്കിലും നടപടി ക്രമങ്ങളുണ്ടോയെന്ന കാര്യം ഉറപ്പാക്കുന്നതിനായിരുന്നു ജോസഫും നീനുവും സ്റ്റേഷനിലേക്ക് പോയത്. അവിടെ നിന്ന് തടസങ്ങള്‍ ഇല്ലെന്ന വിവരം ലഭിച്ച ഉടന്‍ ഇരുവരും ചേര്‍ന്ന് കോളേജിലേക്ക് പോയി.

പഴയ കൂട്ടുകാരികള്‍
കൂട്ടുകാരികള്‍ എല്ലാവരും നീനുവിനെ കാത്ത് കോളേജില്‍ ഉണ്ടായിരുന്നു. കോളേജിലും കെവിന്‍റെ ഓര്‍മ്മകളില്‍ അവള്‍ പിടഞ്ഞെങ്കിലും താങ്ങായി കൂട്ടുകാരികളും അധ്യാപകരും ഒരുമിച്ച് നിന്നു. തുടര്‍ പഠനത്തിന് എന്ത് പ്രോത്സാഹവനും ഉണ്ടാകുമെന്നും കോളേജ് പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും നീനുവിനും ജോസഫിനും ഉറപ്പ് നല്‍കി.

സിവില്‍ സര്‍വ്വീസ് പഠനം
തന്‍റെ മകന്‍ കെവിന് വേണ്ടി കരഞ്ഞ് തളര്‍ന്ന നീനുവല്ല തനിക്കൊപ്പം മുന്നില്‍ നില്‍ക്കുന്നതെന്ന് ജോസഫിന് നന്നായി അറിയാം. തന്‍റേടവും ആത്മവിശ്വാസവും അവള്‍ നേടികഴിഞ്ഞിട്ടുണ്ട്. എങ്കിലും തന്‍റെ മകള്‍ കൃപയെ പോലെ ഇനി നീനുവിനും വേണ്ടിയും തങ്ങള്‍ ആകുന്നത് ചെയ്യും. അവള്‍ ഇനി ഇഷ്ടമുള്ളത്രയും പഠിക്കട്ടെ, മുടങ്ങിപ്പോയ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങും പുനരാരംഭിച്ചോട്ടെ, ഇനിയും അവള്‍ക്ക് ഒരുപാട് ജീവിക്കാനുള്ളതല്ലേ, അവളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ഞങ്ങളാല്‍ ആവുന്നത് ചെയ്യും അച്ഛന്‍ ജോസഫ് പറയുന്നു.