India

മലയാളിയുടെ സിനിമാസ്വാദനത്തില്‍ എെ.എഫ്.എഫ്.കെയുടെ സ്വാധീനവും ചരിത്രവും

“ആരും പറഞ്ഞാല്‍ വിശ്വസിക്കില്ല.. ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമ സി.ഐ.ഡി മൂസയാണ്..” ഒരു എെ.എഫ്.എഫ്.കെ വേദിയില്‍ വച്ച് മലയാള സിനിമയുടെ ആചാര്യന്മാരിലൊരാളായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണിത്. അദ്ദേഹം പറഞ്ഞത് പോലെ സ്വാഭാവികതയുടെ മാനസിക സംഘര്‍ഷങ്ങള്‍ വെള്ളിത്തിരിയിലെത്തിക്കുന്ന ഒരു സംവിധായകനില്‍ നിന്ന് ഇങ്ങിനെയൊരു വാചകം ആരും പ്രതീക്ഷിക്കുകയില്ല. പക്ഷെ, ഈ വാക്കുകള്‍ തുറന്ന് കാട്ടുന്നത് ആസ്വാദനത്തിന്‍റെ വലിയ സാധ്യതകളെയാണ്. ഇരുപത്തിമൂന്ന് വര്‍ഷമായി എെ.എഫ്.എഫ്.കെ മലയാളിക്ക് സമ്മാനിക്കുന്നതും ഇതേ ആസ്വാദനത്തിന്‍റെ വലിയ വൈരുധ്യങ്ങളും സാധ്യതകളുമാണ്. മലയാള സിനിമ 91 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരള അന്താരാഷ്ട്ര ചലചിത്ര മേള ആരംഭിക്കാന്‍ അധികം ദിവസങ്ങള്‍ ബാക്കിയില്ല.

1988ല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അധീനതയിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്, എെ.എഫ്.എഫ്.എെ തിരുവനന്തപുരത്ത് വെച്ച് നടത്തി. അത് മലയാളിയുടെ സിനിമ ആസ്വാദനത്തിന് ഇതുവരെ കണ്ടിട്ടില്ലാത്ത മാനങ്ങള്‍ നല്‍കി. കേരളത്തിന്‍റെ പല കോണുകളിലും ഗൗരവതരമായി സിനിമയെ സമീപിക്കുന്ന ഫിലിം സൊസൈറ്റികള്‍ രൂപപ്പെട്ടു. അത് സായാഹ്നങ്ങളില്‍ വ്യക്തവും നവീനവുമായ സിനിമ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഈ ചര്‍ച്ചകളാണ് കേരളത്തിന്‍റെ സിനിമ ആസ്വാദനത്തിന് പല തലങ്ങള്‍ കണ്ട് പിടിക്കാനൊരുങ്ങി ഇറങ്ങി തിരിച്ച ഒരു പറ്റം സിനിമ ഭ്രാന്തന്മാരെ സൃഷ്ടിച്ചത്. അന്തിചര്‍ച്ചകള്‍ പിന്നീട് പല സിനിമ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുള്ള വേദികളായി. ആ വേദികളില്‍ ഉയര്‍ന്ന് വന്ന സംവാദങ്ങള്‍ക്കൊടുവില്‍ കേരളത്തിന് ഒരു അന്താരാഷ്ട്ര ചലചിത്രമേള വേണമെന്ന ആശയം രൂപപ്പെട്ടു. അങ്ങിനെ ലോക സിനിമ 100 വര്‍ഷം പിന്നിടുന്ന 1996ല്‍ കോഴിക്കോട് ആദ്യ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വേദിയായി.

100 സിനിമകളാണ് ആദ്യ എെ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ചത്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍ തുടങ്ങി വച്ച ചലച്ചിത്രമേള 1998ല്‍ കേരള ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു. ഫിപ്രസ്കിയും നെറ്റ്പാക്കും പോലുള്ള സംഘടനകള്‍ അതിന്‍റെ ഭാഗഭാക്കായി. അതില്‍ മത്സരങ്ങളും വിഭാഗങ്ങളും വന്നു. ജാതീയതയും രാഷ്ട്രീയവും ചര്‍ച്ചകളായി. അവിടന്നങ്ങോട്ട് എല്ലാ വര്‍ഷവും ഏഴ് ദിവസങ്ങള്‍ അനന്ദപുരി സിനിമ ഭ്രാന്തന്മാര്‍ക്ക് കാണാനും വിമര്‍ശിക്കാനും ആസ്വദിക്കാനുമായി വെള്ളിത്തിര തുറന്ന് കൊടുത്തു.

ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് എെ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുക. തെരഞ്ഞെടുത്ത 14 സിനിമകളില്‍ നിന്ന് സുവര്‍ണ്ണ ചകോരത്തിനായി മികച്ച സിനിമക്കുള്ള മത്സരം നടക്കും. മികച്ച സംവിധായകന്‍, പുതുമുഖ സംവിധായകന്‍, ജനപ്രിയ സിനിമ എന്നിവര്‍ക്ക് രജത ചകോരം സമ്മാനമായി ലഭിക്കുന്നു. മത്സര വിഭാഗത്തിലെ ചേരിതിരിവുകള്‍ക്കപ്പുറം സിനിമ എന്ന കലയുടെ ആഴങ്ങള്‍ തേടാന്‍ ഒരു അവസരമാണ് ഏതൊരു സിനിമ ആസ്വാദകനും ഈ ചലചിത്ര മേള.

ഇനി സിനിമകളുടെ അതിര്‍വരമ്പുകളില്‍ മത്സരങ്ങള്‍ വിതച്ച വിത്തുകളിലേക്ക് വരാം. 1999ലെ എെ.എഫ്.എഫ്.കെയിലാണ് ആദ്യമായി മത്സര വിഭാഗങ്ങള്‍ നിലവില്‍ വന്നത്. അന്ന് തായ്‍വാന്‍ ചിത്രം ഫ്ലവേഴ്സ് ഓഫ് ഷാങ്കായ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ആന്‍മരിയ ജാസിര്‍ സംവിധാനം ചെയ്ത വാജിബായിരുന്നു സുവര്‍ണ്ണ ചകോരം നേടിയ സിനിമ. മലയാളിക്ക് കൗതുകവും അഭിമാനവും ഉണര്‍ത്തുന്നതാണ് എെ.എഫ്.എഫ്.കെ ചരിത്രത്തിലെ ഇന്ത്യയുടെ ഏക സുവര്‍ണ്ണ ചകോര നേട്ടം. 2015ല്‍ മലയാള സിനിമയായ ജയരാജിന്‍റെ ഒറ്റാല്‍ സുവര്‍ണ്ണ ചകോരം സ്വന്തമാക്കിയപ്പോള്‍ ചരിത്രത്തിന്‍റെ പല ഏടുകളും മലയാള സിനിമക്ക് വഴി മാറി കൊടുത്തു. അത് പോലെ രാഷ്ട്രീയ നിലപാടുകളും കലാമൂല്യവും ഒത്തിണങ്ങി വരുന്ന ലോകോത്തര സിനിമകള്‍ സുവര്‍ണ്ണ ചകോരങ്ങളുടെ ചിറകിലേറി ലോകമെങ്ങും പറന്ന് നടന്നു.

കേരളം നേരിട്ട മഹാ പ്രളയത്തിന് ശേഷം വളരെയധികം ചെലവ് ചുരുക്കിയാണ് ഇത്തവണ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ഇത്തവണ ചലച്ചിത്ര അക്കാദമിക്ക് ലഭിച്ചില്ല. അത് പരിഹരിക്കാനായി റെജിസ്ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചും ഓപ്പണ്‍ ഫോറങ്ങള്‍ ഒഴിവാക്കിയും മേളക്ക് വേണ്ട ഫണ്ട് ശേഖരണം അക്കാദമി ഊര്‍ജ്ജസ്വലമാക്കി. പുറം മോടിക്ക് മറയിട്ടെങ്കിലും സിനിമകളുടെ എണ്ണത്തില്‍ എെ.എഫ്.എഫ്.കെ കുറവ് വരുത്തിയില്ല. 72 രാജ്യങ്ങളില്‍ നിന്ന് 164 സിനിമകള്‍, 386 സ്ക്രീനിങ്ങുകള്‍ ചായം പൂശി മിനുക്കിയില്ലെങ്കിലും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഇത് തന്നെ ധാരാളം.