Cultural

നടനനൃത്ത വിസ്മയവുമായി കുട്ടികൾ

നടനനൃത്ത വിസ്മയവുമായി നീനു മാത്യുവിന്റെ ശിക്ഷണത്തിൽ ചിലങ്ക ഡാൻസ് സ്‌കൂളിലെ പതിനേഴു കുട്ടികൾ ഫെബ്രുവരി നാലിന് സൂറിച്ചിൽ ക്ലാസിക്കൽ ഡാൻസിൽ അരങ്ങേറ്റം കുറിച്ചു.

അറബിക്കടലും സഹ്യസാനുക്കളും കാവൽ നിൽക്കുന്ന കേരളപ്പെരുമയുടെ താളം ലയം ഭാവം , ഈ വികാരം പ്രവാസി മലയാളിയുടെ രണ്ടാം തലമുറയിലേക്ക് പകരാനായി 2014 ലെ കേരളപ്പിറവി ദിനത്തിൽ സൂറിച്ചിൽ ആരംഭിച്ച ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റം സൂറിച്ചിൽ ഫെബ്രുവരി നാലാം തിയതി നടന്നു .

ചിട്ട  അടവ് താളം ഭാവം എന്നിവയിലൂടെ അനുവാചകഹൃദയങ്ങളിൽ അനുഭൂതിയുടെ നവ്യ പ്രപഞ്ച മൊരുക്കി  17  കലാപ്രതിഭകൾ പൊൻചിലങ്കകളുടെ ജിൽജിലാരവത്തോടെ ഭാരതനാട്യത്തിന്റെ ചടുലപദചലനങ്ങളുമായി വേദിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ സ്വിസ് മലയാളികൾക്ക് ഇതു വേറിട്ടൊരു അനുഭവമായി . 

കലാസാംസ്‌കാര പാരമ്പര്യത്തിന്റെ വേരറ്റിട്ടില്ലെന്ന് തെളിയിക്കുന്ന മുദ്രാംഗുലീയങ്ങളുമായി നടനകലയെ ഉപാസിക്കുന്ന കൊച്ചുകലാകാരികളുടെ കാൽച്ചിലമ്പൊലി  വേദിയിൽ ഉയർന്നപ്പോൾ  ചിലങ്ക നൃത്ത വിദ്യാലയത്തിനും അതിന്റെ സാരധി നീനു മാത്യുവിനും  അഭിമാന നിമിഷങ്ങളായിരുന്നു .

ഭാരതസംസ്കാരം ഉള്ളിലേറ്റി ഭാരതത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ ആവിഷ്ക്കാരം എന്ന നിലക്ക് നൃത്തത്തെ കണ്ടുകൊണ്ടു ,ഈ സംസ്‌കാരം കുട്ടികൾക്ക് പകർന്നുനൽകികൊണ്ട് കഴിഞ്ഞ രണ്ടരവർഷമായി  നൃത്താധ്യാപിക നീനു മാത്യുവിന്റെ ശിക്ഷണത്തിൽ നൃത്തപഠനം പൂർത്തിയാക്കിയ സീനിയർ കാറ്റഗറിയിലെ അലിഷാ കോയിത്തറ ,ദിയ മുണ്ടക്കൽ ,ഫിയോണ കൊട്ടാരം,സനിക പറയനിലം ജൂനിയർ വിഭാഗത്തിൽ അനബെൽ അബ്രാഹം ,എയ്ഞ്ചൽ പുതുമന ,അന്ന മഞ്ഞളി ജാനറ്റ് ചെത്തിപ്പുഴ ,മരിയ തോപ്പിൽ ,സാറാ മഞ്ഞളി ,സാറാ മേലേമണ്ണിൽ ,സ്നേഹാ പറയനിലം സബ് ജൂനിയർ വിഭാഗത്തിൽ അന്ന പുതുമന ,ലിയാന ഓലിക്കര ,സഞ്ജന ഓലിക്കര ,സിയാ പറയന്നിലം ,സോനാ അബ്രഹാം  എന്നീ കുട്ടികൾ  ദൃശ്യാവിഷ്‌കാരസഹായത്തോടെ  ഭരതനാട്യത്തിലെ വിവിധ നൃത്തരൂപങ്ങൾ കാൽച്ചിലങ്കകളുടെ താളത്തിലൂടെയും കൈമുന്ദ്രകളുടെ സൗന്ദര്യത്തിലൂടെയും മുഖത്തിൻറെ ഭാവത്തിലൂടെയും നൃത്താഞ്ജലിയുമായി അരങ്ങത്തെത്തിയപ്പോൾ  സദസ്സ് ഒന്നടങ്കം ഹർഷാരവം മുഴക്കുകയായിരുന്നു , സ്വിറ്റസർലണ്ടിൽ ആദ്യമായാണ് ക്‌ളാസിക്കൽ ഡാൻസിൽ അരങ്ങേറ്റം നടക്കുന്നത് . അടുക്കും ചിട്ടയോടും ക്ലാസിക്കൽ ഡാൻസിന്റെ എല്ലാ പൈത്രുകവും ഉൾക്കൊണ്ട് കൊണ്ട് വേദിയിൽ  ഇത്രയും മനോഹരമായി നൃത്തം അവതരിപ്പിച്ച കുട്ടികൾക്കും  നൃത്താധ്യാപിക നീനു മാത്യുവിനും സദസ്സ് ഒന്നടങ്കം പ്രശംസകളർപ്പിച്ചു .         

സ്വിസ്സ് മലയാളീസ് വിന്റര്ത്തുറിന്റെ ആനുവൽ പ്രോഗ്രാമായിരുന്ന ജോക് ആൻഡ് ജിൽ എന്ന ഷോയിലാണ് കുട്ടികൾ അരങ്ങേറ്റം കുറിച്ചത് ...അരങ്ങേറ്റത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ട്രോഫികൾ നൽകി ടീച്ചർ സ്നേഹം പങ്കുവെച്ചു , കുട്ടികൾ ഒന്നായി തങ്ങളെ ഇത്രയും നന്നായി നൃത്തം അഭ്യസിപ്പിച്ച ടീച്ചർക്ക് ഗുരുദക്ഷിണ നൽകി ആദരിച്ചു . നല്ലൊരു കലാവിരുന്ന് സമ്മാനിച്ചതിന് സ്വിസ്സ് മലയാളീസ് വിന്റര്ത്തുർ ടീച്ചർക്ക് ബൊക്കെ നൽകി സ്നേഹം പ്രകടിപ്പിച്ചു .ഇതിനു അവസരമൊരുക്കിതന്ന സംഘടനക്കും ,കുട്ടികളെ വിശ്വാസമർപ്പിച്ചു തന്നിലേൽപിച്ച മാതാപിതാക്കന്മാർക്കും ,തന്നെ ഇതിനായി സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും ,സദസിനും സ്നേഹത്തിന്റെ ഭാഷയിൽ നീനു മാത്യു നന്ദി അർപ്പിച്ചു .